പെൻഷൻ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത സംഭവം; നഗരസഭാ ജീവനക്കാരന് സസ്‌പെൻഷൻ

 കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാർക്കായ അഖില്‍ സി. വർഗീസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചപ്പോള്‍ അപാകതകള്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അതേസമയം തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ഒളിവില്‍സ പോയ അഖിലിനായുള്ള പോലീസ് തിരച്ചില്‍ തുടരുകയാണ്.

വാർഷിക സാമ്ബത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.

വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെൻഷൻ തുക അനധികൃതമായി അയച്ചത്. നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോർട്ട് വന്നിരുന്നു. 2020 മുതല്‍ അഖില്‍ സി. വർഗീസ് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്ബത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള 20114143952, (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക അയച്ചതായാണ് കണ്ടെത്തിയത്.

പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ വാർഷിക സാമ്ബത്തിക പരിശോധനയില്‍ ചില അപാകം കണ്ടതിനെ തുടർന്നാണ് വിശദമായ വിലയിരുത്തലിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *