പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ നാളെ വിധി പറയും. വിധി പറയുന്നത് മുൻനിർത്തി പെരിയയിലും കല്യോട്ടുമടക്കം പൊലീസ് കനത്ത സുരക്ഷ മുൻകരുതല്‍ നടപടി സ്വീകരിക്കും.
പെരിയയിലും കല്യോട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. ഇരുപക്ഷത്തിനിന്നുമുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് മുൻകരുതല്‍ നടപടി സ്വീകരിക്കുന്നത്.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ ഇരട്ട കൊലപാതകം നടന്നത്. മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉള്‍പ്പെടെ 24 പ്രതികളാണ് ഉള്ളത്.