ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്യപ്പെട്ട പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ പുറത്തിറങ്ങി.
രക്തഹാരം അണിയിച്ച് സ്വീകരിച്ചാണ് ഇവരെ പുറത്തിറക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. സ്വീകരിക്കാന്‍ കാസര്‍കോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി.
പി ജയരാജനും എം വി ജയരാജനും സ്വീകരിക്കാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇവര്‍ പുറത്തിറങ്ങിയത്. നേരത്തേ സിബിഐ കോടതി അഞ്ചുവര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. ഇന്നലെ യാണ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. കാഞ്ഞങ്ങാട് ടൗണില്‍ ഇവര്‍ക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്.
സ്വീകരണത്തിന് പൊലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെ വികാരം ഉയര്‍ന്നിരുന്നു. അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേ. നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്ബോള്‍ പാര്‍ട്ടി മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു.