Wednesday, April 1, 2026
spot_img
HomeLATEST NEWSപൂരം പ്രദർശന ഉദ്ഘാടനത്തിലും കത്തിപ്പടർന്ന് പാചകവാതകപ്രതിസന്ധി.ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം...

പൂരം പ്രദർശന ഉദ്ഘാടനത്തിലും കത്തിപ്പടർന്ന് പാചകവാതകപ്രതിസന്ധി.ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും

പൂരം പ്രദർശന ഉദ്ഘാടനത്തിലും കത്തിപ്പടർന്ന് പാചകവാതകപ്രതിസന്ധി. പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തുടക്കം. ഇരുവരുടെയും പ്രസംഗം അവസാനിച്ചതോടെ മറുപടിയുമായി സുരേഷ്‌ഗോപി വീണ്ടും മൈക്ക് കൈയിലെടുത്തു.

ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ്‌ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധിമൂലം തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങൾ അന്നദാനം മുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു കേട്ടതോടെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മൈക്ക് കൈയിലെടുത്തു. പാറമേക്കാവ് ക്ഷേത്രാവശ്യങ്ങൾക്ക് 40 പാചകവാതക സിലിൻഡറും പാറമേക്കാവ് ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി അദ്ദേഹം പറഞ്ഞു. പൂരം പ്രദർശനത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്റ്റാളുകളുമായി എത്തുന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് ദിവസേന 10 സിലിൻഡറുകൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും രാജേഷ് കൂട്ടിച്ചേർത്തു. തുടർന്ന് സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിസന്ധി കൂടുതൽ ശക്തമായി ഉയർത്തിക്കാട്ടി. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകംചെയ്യുകയെന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നുമായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സുരേഷ്‌ഗോപി വീണ്ടും മൈക്ക് കൈയിലെടുത്തത്. പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം.

പ്രതിസന്ധി വിഷയത്തിൽ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഹോട്ടൽ, കമ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ പാചകവാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നമ്മളല്ല, പശ്ചിമേഷ്യയിൽ യുദ്ധം അഴിച്ചുവിട്ടത്. മുൻവർഷങ്ങളിൽ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്.

അന്നൊന്നും പ്രധാനമന്ത്രിയെയും ഭരണത്തെയും ആരും കുറ്റം പറഞ്ഞിരുന്നില്ല. ‘സാമ്രാജ്യം’ എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ. അതിലൂടെ നിങ്ങളുടെ നാശത്തിന് ചിതയൊരുങ്ങുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താനിങ്ങനെയൊന്നും സംസാരിക്കുന്നയാളല്ലെന്നും സങ്കടംകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നുമായിരുന്നു അടുത്ത പ്രസ്താവന. എല്ലാ ഉത്തരവാദിത്വങ്ങളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. ഇനിയും വീഴ്ചകളുണ്ടെങ്കിൽ അതു മുഖ്യമന്ത്രിയുടെയും 14 കളക്ടർമാരുടെയും വീഴ്ചയാണെന്നും കുറ്റപ്പെടുത്തി.

തൃപ്രയാറിൽ പാചകവാതകം ഇല്ലെങ്കിൽ, ക്ഷേത്രം പ്രതിനിധികൾ കളക്ടറെ അറിയിക്കണമായിരുന്നു. ഇത്തരം സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ചില സഹകരണങ്ങൾ വേണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പൂരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി. അത് താനിടപെട്ട് പരിഹരിച്ചുവെന്നും സുരേഷ്‌ഗോപി അവകാശപ്പെട്ടു.ആശംസ പറഞ്ഞ ചെമ്പുക്കാവ് കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള പൂരം പ്രദർശന ഉദ്ഘാടനവേദിയിൽ ഇത്തരമൊരു സംസാരമുണ്ടായതിൽ ക്ഷമ പറഞ്ഞു. മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രതിപക്ഷ കക്ഷിനേതാവ് ടി.ആർ. ഹിരൺ, എക്‌സിബിഷൻ കമ്മിറ്റി പ്രസിഡന്റ് എം. ജയചന്ദ്രൻ, സെക്രട്ടറി കെ. ദിലീപ്കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. അജയൻ, കെ.കെ. സുരേഷ്ബാബു, കൗൺസിലർമാരായ പൂർണിമാ സുരേഷ്, രേഷ്മ മേനോൻ തുടങ്ങിയവരും പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments