പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും ചേർന്ന് രണ്ട് കോടി രൂപ നല്‍കും.
രേവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ ഒരു കോടി രൂപയാണ് നല്‍കുക. പുഷ്പ 2-ന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവീസും സംവിധായകന്‍ സുകുമാറും 50 ലക്ഷം രൂപ വീതം കുടുംബത്തിന് നല്‍കും. ചലച്ചിത്ര നിര്‍മ്മാതാവും തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണുമായ ദില്‍ രാജുവാണ് തുക രേവതിയുടെ കുടുംബത്തിന് കൈമാറുക.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന യുവതിയുടെ മകനെ ആശുപത്രിയില്‍ സന്ദർശിച്ച ശേഷം അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ് സഹായം പ്രഖ്യാപിച്ചത്. കുട്ടി സുഖം പ്രാപിക്കുന്നുണ്ടെന്നും ഇപ്പോള്‍ സ്വയം ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷം അദ്ദേഹം പറഞ്ഞു.
യുവതിയുടെ കുടുംബത്തെ നേരിട്ടു കാണുന്നതിനുള്ള നിയമപരമായ പരിമിതികള്‍ കണക്കിലെടുത്ത്, നിര്‍മ്മാതാവ് ദില്‍ രാജുവിന് തുകയടങ്ങിയ ചെക്ക് കൈമാറിയിട്ടുണ്ടെന്ന് അല്ലു അരവിന്ദ് അറിയിച്ചു.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി മരിക്കുകയും എട്ടു വയസ്സുള്ള മകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അല്ലു അർജുനെയും കേസില്‍ പ്രതി ചേർത്തു. കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.