കായംകുളം: ആലപ്പുഴയിലെ കായംകുളത്ത് ഭർത്താവിന് പിന്നാലെ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. ഭർത്താവായ സുധനെ(52) പുലർച്ചെ വീട്ടുപരിസരത്തെ പുളിമരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ വൈകിട്ട് ഭാര്യ സുഷമയുടെ(48) മൃതദേഹം പരിസരത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു.
പുതുപള്ളിയിലെ വാലയ്യത്തെ വീട്ടിൽ സുധനും സുഷമയും മാത്രമായിരുന്നു താമസം. ഇന്ന് പുലർച്ചെ സമീപവാസികളാണ് സുധനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രാവിലെ തന്നെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയായി. ഇതിനിടെ വൈകിട്ടോടെ സുഷമയുടെ മൃതദേഹം സമീപത്തെ കുളത്തിൽ പൊങ്ങി. സുഷമയെ കൊലപ്പെടുത്തിയ ശേഷം സുധൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്. സുഷമയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.