മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ് കമ്ബനിയായ എയർകേരള 2025 ഏപ്രിലോടെ പറന്നുയരും.
തുടക്കത്തില്‍ ആഭ്യന്തര സർവിസാണ് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് നഗരത്തിലേക്കായിരിക്കും ആദ്യ സർവിസ്. ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സർവിസ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് സർവിസ് ഉണ്ടാകും. പ്രാദേശിക സർവിസുകള്‍ക്കായി മൂന്ന് എ.ടി.ആർ 72-600 വിമാനങ്ങളാണ് പരിഗണിക്കുക. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവിസുകള്‍ വ്യാപിപ്പിക്കാനാണ് കമ്ബനിയുടെ പദ്ധതി.
അന്താരാഷ്ട്ര റൂട്ടില്‍ അനുമതി ലഭിച്ചാല്‍ തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകള്‍ക്ക് മുൻഗണന നല്‍കും.
താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അടുത്ത മാർച്ചില്‍ തന്നെ സർവിസ് നടത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് എയർ കേരള ഉടമസ്ഥരായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
യാത്രാ സർവിസുകള്‍ക്കുപുറമെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുനീക്ക സാധ്യതകള്‍ കമ്ബനി പരിശോധിച്ചുവരുകയാണ്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു.
എന്നാല്‍, എയർ ഓപറേഷൻ സർട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിച്ചാലെ സർവിസ് ആരംഭിക്കാനാവൂ. ഇതിന് ശ്രമങ്ങള്‍ തുടരുകയാണ്. കമ്ബനി ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഇ.ഒ) ആയി ഹരീഷ് കുട്ടി ഉള്‍പ്പെടെ പ്രധാന തസ്തികകളിലേക്ക് ഉള്ളവരെ ഇതിനകം നിയമിച്ചുകഴിഞ്ഞു.
ചീഫ് ഫിനാൻഷ്യല്‍ ഓഫിസറായി കീർത്തി റാവു, ക്വാളിറ്റി മാനേജറായി ജയിംസ് ജോർജ്, ഗ്രൗണ്ട് ഓപറേഷൻസ് മേധാവിയായി ഷാമോൻ പട്ടവാതുക്കല്‍ സയ്യിദ് മുഹമ്മദ്, എയർ ക്രാഫ്റ്റ് മെയിന്റനൻസ് മേധാവിയായി പരാർഥപറമ്ബില് രംഗരാജ മല്യ കമലേഷ് എന്നിവരാണ് എയര്‍ കേരള ടീമിലേക്ക് പുതുതായെത്തുന്നത്. കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് ഏവിയേഷൻ സ്വന്തമാക്കിയത്. കൊച്ചിയായിരിക്കും കമ്ബനിയുടെ ആസ്ഥാനം.