പുതുചരിത്രത്തിന്‍റെ ചൂളംവിളി; ‘റിയാദ് മെട്രോ’ യാത്രകള്‍ക്ക് ഇന്ന് പച്ചക്കൊടി

സൗദി അറേബ്യൻ തലസ്ഥാന നഗരിക്ക് പുതുചരിത്രം സമ്മാനിച്ച്‌ റിയാദ് മെട്രോ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും.

നഗരഹൃദയമായ ബത്ഹ, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ, തെക്ക് നഗരപ്രാന്തത്തിലെ മനോഹര താഴ്വര അല്‍ ഹൈർ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുല്‍ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരവീഥികളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയില്‍ കൂടിയാണ് ബുധനാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുക. അവശേഷിക്കുന്ന മൂന്ന് ലൈനുകളില്‍ ഡിസംബർ അഞ്ചിന് സർവിസ് ആരംഭിക്കും.

കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റിയാദ് നഗരവാസികള്‍ക്കും പുറംനാടുകളില്‍നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തുന്നവർക്കും വലിയ ആശ്വാസവും ആശ്രയവുമായി മാറും മെട്രോ. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീൻ ലൈനുകളില്‍ കൂടി ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനമുള്ള നഗരമായി റിയാദ് മാറും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ദൂരം ഡ്രൈവറില്ലാ ട്രെയിനുകളോടുന്ന മെട്രോ എന്ന സവിശേഷതയുടെ ട്രാക്കില്‍ കൂടിയാണ് പുതുചരിത്രമെഴുതി റിയാദ് മെട്രോ ഓടാൻ തുടങ്ങുന്നത്.

തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത സംവിധാനത്തിൻ കീഴില്‍ റിയാദ് സിറ്റി റോയല്‍ കമീഷനാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നഗരത്തിലെ ജനകീയ പൊതുഗതാഗത സംവിധനമാകും റിയാദ് മെട്രോ. രണ്ട് മണിക്കൂർ യാത്രക്ക് നാല് സൗദി റിയാലും മൂന്ന് ദിവസത്തെ ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും ഏഴ് ദിവസത്തെ ടിക്കറ്റിന് 40 റിയാലും ഒരു മാസത്തെ മുഴുനീള യാത്രക്ക് 140 റിയലുമാണ് നിരക്ക്. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും. ‘റിയാദ് ബസ്’ എന്ന ആപ്, ‘ദർബ് കാർഡ്’, ബാങ്കുകളുടെ എ.ടി.എം കാർഡുകള്‍ എന്നിവ ഉപയോഗിച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച്‌ റിയാദ് ബസുകളിലും യാത്ര ചെയ്യാം.

റിയാദിലെ മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ്ദുറഹ്മാൻ അല്‍ അവ്വല്‍ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനല്‍ എയർപ്പോർട്ടില്‍നിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകള്‍ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയില്‍ പദ്ധതി പൂർണമാവും.

ഈ ലൈനുകള്‍ തുറക്കുന്നതോടെ റിയാദ് കിങ് ഖാലിദ് എയർപോർട്ടിലേക്കുള്ള യാത്രയും എളുപ്പമാകും. ആറ് ലൈനുകളും കൂടി ചേരുമ്ബോള്‍ ആകെ ദൈർഘ്യം 176 കിലോമീറ്ററാണ്. ഇതില്‍ 46.3 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. ഇതില്‍ 35 കിലോമീറ്റർ തുരങ്കപാത ആദ്യം തുറക്കുന്ന ഒലയ-ബത്ഹ-അല്‍ ഹൈർ ബ്ലൂ ലൈനിലാണ്. 176 കിലോമീറ്റർ പാതക്കിടയില്‍ ആകെ 84 മെട്രോ സ്റ്റേഷനുകളുണ്ട്.

ഏറ്റവും വലിയ സ്റ്റേഷനുകള്‍ മൂന്നാണ്. അതിലൊന്ന് ബത്ഹയോട് ചേർന്നുള്ള റിയാദ് നാഷനല്‍ മ്യുസിയം സ്റ്റേഷനാണ്. മെട്രോ സ്റ്റേഷനുകളെയും നഗരത്തിന്റെ മുക്കുംമൂലകളെയും ബന്ധിപ്പിച്ച്‌ കൊണ്ട് ‘റിയാദ് ബസ്’ എന്ന പേരില്‍ ബസ് സർവിസുമുണ്ടാകും. നിലവില്‍ നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകള്‍ സർവിസ് നടത്തുന്നുണ്ട്. ഈ സർവിസുകളെ അതാ ഇടങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും.

റിയാദ് മെട്രോ നിർമാണ ഘട്ടത്തില്‍ തുരങ്കപാതയുടെ പരിശോധനക്കിടെ മലയാളി എൻജിനീയർ ജിബിൻ സമദ് സഹപ്രവർത്തകരോടൊപ്പം

അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് റിയാദ് മെട്രോയും ബസ് സർവിസും ഉള്‍പ്പെട്ട സമ്ബൂർണ പൊതുഗതാഗത പദ്ധതിയായി കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം പ്രഖ്യാപിക്കപ്പെട്ടത്. 2012 ഏപ്രിലില്‍ സൗദി മന്ത്രി സഭ പദ്ധതിക്ക് അന്തിമാംഗീകാരം നല്‍കി. 2013ല്‍ നിർമാണം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്ബനികളാണ് നിർമാണ ജോലികള്‍ നിർവഹിച്ചത്. ഇന്ത്യൻ കമ്ബനികളടക്കം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

പദ്ധതി പൂർത്തിയാകുമ്ബോള്‍ ആകെ നിർമാണ ചെലവ് 22.5 ബില്യണ്‍ യു.എസ് ഡോളർ കടന്നു. വ്യത്യസ്ത കമ്ബനികളിലായി വിവിധ മേഖലകളില്‍ നൂറ് കണക്കിന് മലയാളികള്‍ മെട്രോ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വിദ്യാർഥികള്‍, ജോലിക്കാർ, സഞ്ചാരികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവർ മെട്രോ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *