പുതിയ സൗകര്യം കൊച്ചിക്കാര്‍ക്ക് നന്നായി ബോധിച്ചു

മെട്രോയുടെയും വാട്ടർ മെട്രോയുടെയും ഫസ്‌റ്റ്‌മൈല്‍-ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് വൻ സ്വീകരണം.

കൊച്ചി മെട്രോയുടെ ഇലക്‌ട്രിക് ബസുകളാണ് ജനം ഇരുകൈ നീട്ടി സ്വീകരിച്ചത്. ആകെ 1855 പേർ ബസില്‍ യാത്ര ചെയ്‌തു. മൂന്ന് റൂട്ടുകളിലായി 1,18,180 രൂപയാണ് കളക്ഷൻ നേടിയത്. എയർപോർട്ട് റൂട്ടില്‍ നാലും, കളമശ്ശേരി റൂട്ടില്‍ രണ്ട് ബസുമാണ് സ‌ർവീസ് നടത്തിയത്.

ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, കളമശേരി-കുസാറ്റ് എന്നീ റൂട്ടുകളിലാണ് വ്യാഴാഴ്‌ച ബസ് സർവീസ് നടത്തിയത്. പുതിയ ഇലക്‌ട്രിക് ബസ് പൂർണമായും എയർകണ്ടീഷൻഡാണ്. എയർപോർട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ബസില്‍ കയറി. ആലുവ-എയർപോർട്ട് റൂട്ടില്‍ 80 രൂപയും മറ്റ് റൂട്ടുകളില്‍ അഞ്ച് കിലോമീറ്ററിന് മിനിമം 20 രൂപയുമാണ് യാത്രാനിരക്ക്. 15 കോടി രൂപയ്‌ക്ക് 15 ഇലക്‌ട്രിക് ബസുകളാണ് കൊച്ചി മെട്രോ സർവീസിനായി വാങ്ങി ഓടിക്കുന്നത്. ആകെ എയർപോർട്ട് റൂട്ടില്‍ നാല്, ഇൻഫോപാർക്ക് റൂട്ടില്‍ രണ്ട്, ഹൈക്കോർട്ട് റൂട്ടില്‍ മൂന്ന്, കടവന്ത്ര റൂട്ടില്‍ ഒരുബസുമാണ് സർവീസിനുപയോഗിക്കുക.

രാവിലെ 6.45 മുതല്‍ രാത്രി 11 മണിവരെയാണ് സർവീസ് സമയം. തിരക്കുള്ള നേരം 20 മിനിട്ട് ഇടവിട്ടും അല്ലാത്തപ്പോള്‍ 30 മിനിട്ട് ഇടവിട്ടുമാണ് ബസ്. എയർപോർട്ടില്‍ നിന്ന് 11 മണിക്കാണ് ആലുവയിലേക്കുള്ള അവസാന സർവീസ്. കളമശേരി- മെഡിക്കല്‍ കോളേജ് റൂട്ടില്‍ അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്തും.

പരിസ്ഥിതി സൗഹൃദ ബസുകളില്‍ മൊബൈല്‍, യുഎസ്ബി പോർട്ടുകളുണ്ട്. ടിക്കറ്റ് ലഭിക്കാൻ ഡിജിറ്റല്‍ പേയ്‌മെന്റാണ്. യുപിഐ, ഡെബിറ്റ്‌കാർഡ്, കൊച്ചി1 കാർഡുകള്‍ ഉപയോഗിക്കാം, പണം നല്‍കിയും ടിക്കറ്റെടുക്കാം,

Leave a Reply

Your email address will not be published. Required fields are marked *