‘പുതിയ തലമുറയിലെ കുട്ടികള്‍ നാടുവിടുന്നത് പഠിക്കാൻ വേണ്ടിയല്ല’; പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് വിനായകൻ

തെന്നിന്ത്യൻ സിനിമയില്‍ അഭിനയമികവുകൊണ്ട് തന്റേതായ സ്ഥാനം രൂപപ്പെടുത്തിയ നടനാണ് വിനായകൻ. ആഴത്തിലുള്ള അനേകം കഥാപാത്രങ്ങള്‍ മലയാളത്തിലും തമിഴിലുമായി ചെയ്ത് കഴിവുള്ള നടനെന്ന പേരും അദ്ദേഹം നേടിയെടുത്തു.

എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരില്‍ ഏറെ വിമർശനങ്ങളും വിനായകൻ നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി കേസുകളിലും അദ്ദേഹം ഉള്‍പ്പെട്ടു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിനായകൻ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു കാഴ്‌ചയാണ് പുതിയ തലമുറയിലെ കുട്ടികള്‍ പഠനത്തിനും തൊഴിലുമായി രാജ്യം വിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്നത്. ഈ പ്രവണത അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ മികച്ച ശമ്ബളം, തൊഴില്‍, താമസ സൗകര്യങ്ങള്‍, കൂടുതല്‍ വികസിതവും ആഡംബരത്തിലുമുള്ള ജീവിത രീതി, മികച്ച സൗകര്യങ്ങള്‍ എന്നിവയാണ് മിക്കവരെയും ഇന്ത്യ വിടാൻ പ്രേരിപ്പിക്കുന്നത്. ഈ വിഷയത്തിലാണ് വിനായകൻ നിലപാട് വ്യക്തമാക്കിയത്.

‘ശരിക്കും അവർ പഠിക്കാൻ വേണ്ടിയല്ല പോകുന്നത്. പഠിക്കാനും വിദ്യാഭ്യാസത്തിനും നാടുവിടേണ്ട കാര്യമില്ല. ഞാൻ മനസിലാക്കിയ കാര്യമാണിത്. അവരൊക്കെ സ്വാതന്ത്ര്യത്തിനായാണ് നാടുവിടുന്നത്. പഠനം അവിടെയാണെങ്കിലും ഇവിടെ ആണെങ്കിലും നടക്കും. വിദ്യാഭ്യാസം ഇവിടെയിരുന്നും ഉണ്ടാക്കാം. അവർ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ് നാടുവിടുന്നത്’- വിനായകൻ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തെക്ക് വടക്കിന്റെ’ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് കൊച്ചിയില്‍ തോപ്പുംപടി പാലത്തിന് സമീപത്തുകൂടി 12 മണിക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയുമോയെന്ന് വിനായകൻ അവതാരകയോട് ചോദിച്ചു. ‘നിങ്ങളെ ഞാൻ വെല്ലുവിളിക്കാം. 12 മണിക്ക് തോപ്പുംപടി പാലത്തിലിരുന്ന് ഷിപ്പ്‌യാർഡ് കാണാൻ നിങ്ങള്‍ക്ക് പറ്റില്ല. അതിനുമുൻപ് മാന്യന്മാരായ കഴുകന്മാർ വരും. അപ്പോള്‍ ആ സ്വാതന്ത്ര്യം പുതിയ കാലത്തെ കുട്ടികള്‍ക്ക് മനസിലായി. ഇവിടെയിരുന്ന് പഠിച്ചാല്‍ ഭർത്താക്കന്മാരെയും അമ്മമാരെയും നോക്കേണ്ടി വരും.

അവർക്ക് അവിടെ 12 മണിക്ക് സ്വതന്ത്രമായി നടക്കാം. അതുകൊണ്ട് അവർ പഠിക്കാൻ അല്ല പോകുന്നത്. ഓകെ, പഠിക്കാനാകാം, പക്ഷേ സ്വാതന്ത്ര്യത്തിനും കൂടിയാണ് പോകുന്നത്, പ്രത്യേകിച്ച്‌ സ്ത്രീകള്‍’- വിനായകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *