കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി യു എ ഇയില്‍ പുതിയ മന്ത്രാലയം രൂപീകരിച്ചു.
സന സുഹൈല്‍ കുടുംബ മന്ത്രാലയത്തിന്റെ മേധാവിയാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. കുടുംബം ഒരു ദേശീയ മുന്‍ഗണനയാണ്. അത് പുരോഗതിയുടെ ആണിക്കല്ലും രാജ്യത്തിന്റെ ഭാവിയുടെ ഉറപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു. ബാല്യകാലം, കുടുംബം, നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ പിന്തുണക്കല്‍, സര്‍ക്കാര്‍ സേവനത്തിലുള്ള വര്‍ഷങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറ്റ് മേഖലകളില്‍ സന സുഹൈല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്ത് കുടുംബ രൂപീകരണം വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ചയില്‍ അവരെ ശാക്തീകരിക്കുന്നതിനും ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയത്. കുടുംബവുമായി ബന്ധപ്പെട്ട നയങ്ങള്‍, തന്ത്രങ്ങള്‍, നിയമനിര്‍മാണം, സംരംഭങ്ങള്‍ എന്നിവ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ഉത്തരവാദിത്തങ്ങള്‍. പൗര കുടുംബങ്ങള്‍ക്കിടയില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളും സംരംഭങ്ങളും വിവാഹത്തിനായി ദമ്ബതികളെ തയ്യാറാക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, യോജിച്ചതും ബന്ധിപ്പിച്ചിട്ടുള്ളതുമായ കുടുംബങ്ങള്‍ രൂപീകരിക്കുന്നതിന് അവരെ സജ്ജരാക്കുക, അതുപോലെ തന്നെ വിവാഹ പിന്തുണ പ്രോഗ്രാമുകളും ഗ്രാന്റുകളും സംഘടിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക തുടങ്ങിയവയും ഇതിന്റെ ചുമതലയില്‍ വരും.