നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അന്‍വറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.
വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയില്‍ നിന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിട്ടു നിന്നിരുന്നെങ്കിലും അന്‍വറിന്റെ അറസ്റ്റിന് എതിരെ നിലപാടെടുക്കുകയാണ് നേതാക്കള്‍.
പി വി അന്‍വറിന്റെ അറസ്റ്റിന് പിന്നിലെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. അറസ്റ്റില്‍ പൊലീസ് അമിത വ്യഗ്രത കാണിച്ചു. റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസില്‍ എം വി ഗോവിന്ദന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ആത്മാര്‍ഥത അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണമെന്നും കെ.സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്‍വറിന്റെ അറസ്റ്റിനെതിരെ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും രംഗത്തു വന്നു.