നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ കേസെടുത്തിന് പിന്നാലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ പി.വി അന്‍വര്‍ അറസ്റ്റില്‍.
പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പി.വി.അന്‍വര്‍ എം.എല്‍.എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്.
മലപ്പുറം ഒതായിയിലെ പി.വി.അന്‍വറിന്റെ വീട് വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് വീടിന് മുന്നില്‍ എത്തിയത്. പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി അന്‍വറിന്റെ അനുയായികള്‍ എത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ മണി (35) എന്ന യുവാവ് മരിച്ച സംഭവത്തെ വനം വകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവർ വിശേഷിപ്പിച്ചത്. യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും അൻവർ പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് അന്‍വര്‍ പറഞ്ഞു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നത് ഭീതിയോടെയാണെന്നും. അവരുടെ പ്രശ്‌നങ്ങളില്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന ബില്ല് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നു. നിയമഭേദഗതി നടപ്പിലാക്കുന്നത് തടയാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങണം, അന്‍വര്‍ തുര്‍ന്നു.