ഭാവഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം തിരികെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും.
ഇന്നലെ രാത്രി 7.54 നായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം.എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിന് രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനനം. 1958ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം മദ്രാസിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറി. ചലച്ചിത്രഗാനാലാപനത്തിൽ ശ്രദ്ധേയനായതോടെ ജോലി ഉപേക്ഷിച്ചു. ഭാര്യ: ലളിത. മകൾ ലക്ഷ്മി. മകൻ ഗായകനായ ദിനനാഥ്. നഖക്ഷതങ്ങൾ ഉൾപ്പെടെ സിനിമകളിലും ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.