ദേശീയപാതയിലെ പ്രധാന ടൗണായ പിലാത്തറ മുഖം മിനുക്കുന്നു. ടൗണിന്റെ സമഗ്ര വികസനത്തിനും സൗന്ദര്യവത്കരണതിനുമാണ് തീരുമാനം.
ഇതിനായി രണ്ടു കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സർക്കാറിലേക്ക് സമർപ്പിക്കുന്നതിനുള്ള നടപടികളായി. ഇതിന്‍റെ ഭാഗമായി എം. വിജിൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവർ പിലാത്തറ ടൗണ്‍ സന്ദർശിച്ചു.
പിലാത്തറയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങള്‍ നടന്നുവരുകയാണ്. കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, ആയുർവേദ കോളജ്, മാതമംഗലം ഉള്‍പ്പടെയുള്ള മലയോരമേഖല, നിരവധിയയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്നവർ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് പിലാത്തറ ബസ് സ്റ്റാൻഡും ടൗണും. ദേശീയപാത വികസനത്തോടെ ഈ മേഖലയില്‍ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഉള്‍പ്പടെ പരിഹരിക്കുന്നതിനും ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിനുമുള്ള സമഗ്ര പദ്ധതിയാണ് ടൗണ്‍ സൗന്ദര്യവത്കരണത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പിലാത്തറ ടൗണിലെ മാതമംഗലം റോഡിലും പഴയങ്ങാടി റോഡ് ഭാഗത്തും ഇന്റർലോക്ക് ചെയ്ത നടപാത നിർമിക്കും. വ്യത്യസ്തങ്ങളായ അലങ്കാര ചെടികള്‍ കൊണ്ടുള്ള ഗാർഡൻ, ലൈറ്റിങ് സംവിധാനം, ഡ്രൈനേജ് സൗകര്യം, ടാറിങ് പ്രവൃത്തി ഉള്‍പ്പടെ നടപ്പിലാക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
എം.എല്‍.എയോടൊപ്പം ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. ശ്രീധരൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.പ്രവീണ്‍, അസിസ്റ്റന്റ് എൻജിനീയർ കെ. ശ്രീരാഗ്, എം.വി.രാജീവൻ, കെ.സി. തമ്ബാൻ മാസ്റ്റർ, എം.വി. രവി എന്നിവരുമുണ്ടായിരുന്നു.