പിണറായി സിപിഐഎമ്മിന്റെ കരുത്തും കാവലും, മൂന്നാമൂഴമുണ്ടാകും’; ഇ പി ജയരാജന്‍

കോഴിക്കോട്:
പിണറായി വിജയനെ പുകഴ്ത്തിയ ഇ പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ തനിക്കെതിരായ നിലപാട് തള്ളിയിരുന്നു
എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാമൂഴം ഉണ്ടാകും. പിണറായി കരുത്തനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ കരുത്തും കാവലും പിണറായി വിജയനാണ് അദ്ദേഹത്തെ പുകഴ്ത്തുന്നതില്‍ തെറ്റില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

‘കരുത്തും ശക്തിയുമുള്ള, കേരളത്തിലെ ഇന്നത്തെ ഏറ്റവും ബെസ്റ്റ് ഭരണാധികാരിയാണ് പിണറായി വിജയന്‍. അത് വ്യക്തിപൂജയല്ല. പിണറായി ചെങ്കൊടിയുടെ ശക്തിയല്ലേ. പാര്‍ട്ടിയും പ്രസ്ഥാനത്തെയും കാത്തുസൂക്ഷിക്കുന്ന ശക്തിയാണത്. ആ നേതൃത്വത്തെ പ്രശംസിക്കുന്നതില്‍ അസഹിഷ്ണുതയെന്തിനാണ്’, എന്നും ഇ പി ജയരാജന്‍ ചോദിച്ചു.

പിണറായി വിജയനെ പുകഴ്ത്തിയ ഇ പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിലപാടിനെയും തള്ളി പറഞ്ഞു. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായാണ് ഇ പി ജയരാജന്റെ വിമര്‍ശനം. താന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോയെന്ന് എം വി ഗോവിന്ദന്‍ പറയട്ടെയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗമായ തനിക്കെതിരെ കേന്ദ്രകമ്മിറ്റി നടപടിയെടുക്കില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു.

‘എന്നെ മാറ്റിയിട്ടില്ല. ഞാന്‍ ഇപ്പോഴും സെക്രട്ടറിയേറ്റ് അംഗമാണല്ലോ. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്രയോ പ്രഗത്ഭര്‍ വരുന്നു. എന്നെ പോലത്തെ ഒരു മുതിര്‍ന്ന നേതാവ് വേണമെന്നുണ്ടോ? പുതിയ സഖാക്കള്‍ ചുമതലയെറ്റേടുത്ത് പ്രവര്‍ത്തിക്കും. ഞാന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. കേന്ദ്ര കമ്മിറ്റി അംഗമാണ്. കേന്ദ്രകമ്മിറ്റി എനിക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ?, എന്നായിരുന്നു ഇ പി ജയരാജന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *