പിണറായി വിജയന്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘സഖാവ് പിണറായി വിജയന്‍ എന്നെ ക്ഷണിച്ചിട്ടില്ലായെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ.. വിളിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ടുണ്ട്. വിജയേട്ടാ, എനിക്ക് പറ്റില്ല. എനിക്കീ പരിപാടി ഇഷ്ടമല്ല. ഇതുതന്നെയാണ് എല്ലാവരോടും പറഞ്ഞത്’,സുരേഷ് ഗോപി പറഞ്ഞു. പക്ഷേ, 2014 ഓഗസ്റ്റ് രണ്ടാം തീയതി തനിക്ക് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. താന്‍ ലീഡര്‍ കെ കരുണാകരന്റെയും ഇ കെ നായനാരുടെയും നല്ല മകനായിരുന്നു. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ലെന്നും ചില നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രിയത്തിലേക്ക് ഇറക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ പൂരം കലക്കിയാണ് താന്‍ അവിടെ നിന്നു വിജയിച്ചുവെന്ന് പറഞ്ഞ് കതിരും പതിരും വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഒന്നു ജയിച്ചപ്പോഴേക്കും അതിന് കാരണം പൂരം കലക്കിയോ, ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് അവര്‍ നോക്കുന്നത്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്ത് അവരുടെ ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് തൃശൂരിലെ ജനങ്ങള്‍ തനിക്ക് വോട്ടു തന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.