പാലോട് ഇളവട്ടത്ത് ഭർത്താവിന്റെ വീട്ടില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അഭിജിത് കസ്റ്റഡിയില്‍.
മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് മാസം മുമ്ബായിരുന്നു വിവാഹം. അതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
നേരത്തെ, മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പാലോട് കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ ഇന്നലെ ഉച്ചക്കാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃവീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
കുടുംബത്തിന്റെ പരാതിയില്‍ പാലോട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇന്ദുജയെ അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉച്ചയ്ക്ക് ചോറ് കഴിക്കാനായി അഭിജിത്ത് വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.