പ്രശാന്ത് ശിവന്‍ തുടരും
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം.
പാലക്കാട്: പാലക്കാട്ടെ ബിജെപി ജില്ലാ അദ്ധ്യക്ഷനെ തീരുമാനിച്ചതില്‍ വിയോജിച്ചു നില്‍ക്കുന്ന നഗരസഭ കൗണ്‍സിലര്‍മാരെ തള്ളി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു സമവായത്തിനുമില്ലെന്നും പാര്‍ട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത്, അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
ദേശീയ നേതൃത്വം തീരുമാനിച്ചവര്‍ തുടരും. അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും കഴിയില്ല. എത്ര വലിയ ഉന്നതനാണ് എതിര്‍ക്കുന്നതെങ്കിലും കാര്യമാക്കില്ലെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇതോടെ ബിജെപി പാലക്കാട് നഗര ജില്ലയിലെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രശാന്ത് ശിവന്‍ തുടരുമെന്ന് ഉറപ്പായി. പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ആറോളം പേര്‍ രാജി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഇവര്‍ രാജി വെച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ രാജിക്കൊരുങ്ങുന്ന മുതിര്‍ന്ന നേതാക്കളായ കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നെന്നാണ് സൂചന. കൗണ്‍സിലര്‍മാര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കില്‍ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.