ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി.
കൗണ്‍സിലര്‍മാരെ പ്രതിക്കൂട്ടിലാക്കിയാല്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.
പരാജയത്തിന് കാരണം കൗണ്‍സിലര്‍മാരെന്ന റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്. പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി ഭരണമുള്ള നഗരസഭയെ പഴിചാരി നേതൃത്വത്തിന് നല്കിയ വിശദീകരണം പുറത്തായതോടെയാണ് പൊട്ടിത്തെറികളുടെ തുടക്കം. നഗരസഭയ്ക്കെതിരായ വിമര്‍ശനങ്ങളില്‍, നേതൃത്വത്തിനെതിരെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന് തുറന്നടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പ്രമീള ശശിധരന് പറഞ്ഞു.
തോല്‍വിക്ക് കാരണം കൗണ്‍സിലര്‍മാര്‍ എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഇതിനിടെ യുഡിഎഫ് വിജയത്തിന്റെ ഭാഗമായി നടന്ന ലഡു വിതരണത്തില്‍ നഗരസഭ അധ്യക്ഷ പങ്കാളിയായതില്‍ സി കൃഷ്ണകുമാര്‍ വിഭാഗം രംഗത്തെത്തി. നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ആഘോഷത്തില്‍ ലഡ്ഡു സ്വീകരിച്ചതാണ് വിവാദമായത്.