കാണാതായ വീട്ടമ്മക്കായി 26-ാം ദിവസം മൃതശരീരം മണത്തു കണ്ടു പിടിക്കാന്‍ കഴിവുള്ള മൂന്ന് കഡാവര്‍ നായകളുമായി പോലീസ് വനമേഖലയില്‍ തിരച്ചില്‍ നടത്തി.
ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക(70)യെയാണ് നവംബര്‍ 18ന് കാണാതായത്. നെന്മാറ കണിമംഗലത്തെ വാടകവീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകള്‍ ചന്ദ്രിക നെന്മാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അയിലൂര്‍ പഞ്ചായത്തിലെ പൂഞ്ചേരി കോളനിക്ക് മുകളിലുള്ള റബര്‍ തോട്ടങ്ങളിലും രണ്ട് കിലോമീറ്ററോളം നെല്ലിയാമ്ബതി വനം റേഞ്ചില്‍ പെട്ട വനമേഖലയിലുമാണ് കഡാവര്‍ നായകള്‍ ഉള്‍പ്പെടുന്ന പോലീസ് സേനയും കാണാതായ തങ്കയുടെ മകള്‍ ചന്ദ്രികയും പ്രദേശവാസികളും വനം വാച്ചര്‍മാരും ഉള്‍പ്പെടുന്ന സംഘം തിരച്ചില്‍ നടത്തിയത്. രാവിലെ 11 മണി മുതല്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ശക്തമായ കാറ്റും മഴയും സംഘത്തെ ബുദ്ധിമുട്ടിച്ചു.
രണ്ടുമണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും തങ്കയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. കാണാതായ നാള് മുതല്‍ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികള്‍ അന്വേഷണം നടത്തിയിരുന്നു. തങ്കയോട് സാദൃശ്യമുള്ള ഒരു സ്ത്രീ പ്രദേശത്തുകൂടെ നടന്നുപോകുന്നത് കണ്ടതായി റബര്‍ ടാപ്പിങ് തൊഴിലാളി പറഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ തിരിച്ചില്‍ നടത്തുന്നത്.
പോലീസ്, ഹോംഗാര്‍ഡ്, വനം വാച്ചര്‍മാര്‍, പോലീസ് നായ എന്നിവയുടെ സഹായത്തോടെ വനമേഖലയില്‍ ഉള്‍പ്പടെ നേരത്തെ പരിശോധന നടത്തിയിരുന്നു. അഞ്ചുദിവസം മുമ്ബ് നെന്മാറ പോലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെയും ആലത്തൂര്‍ ഡിവൈ.എസ്.പി. മുരളീധരന്റെയും ആവശ്യപ്രകാരമാണ് കൊച്ചിയില്‍നിന്നും കഡാവര്‍ നായകള്‍ ഉള്‍പ്പെടുന്ന പ്രത്യേക പോലീസ് സ്ക്വാഡ് എത്തിയത്.
കൊച്ചി സിറ്റി കെ 7. സ്ക്വാഡിലെ ഉദ്യോഗസ്ഥന് പ്രഭാഷ്, സി.പി.ഒ.മാരായ മനീഷ് ജോര്‍ജ് മാനുവല്‍, പി. വിനീത്, ഡ്രൈവര്‍ ദിലീപ്, കഡാവര്‍ പോലീസ് നായകളായ ഡയാന, ലില്ലി(മായ), മര്‍ഫി, നെന്മാറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്, എസ്.ഐ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഫീസ്, റിയാസ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്.