ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി.സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പാലക്കാട് എത്തും.
ഇന്നും നാളെയും മുഖ്യമന്ത്രി ജില്ലയിലുണ്ടാകും. 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിക്ക് മേപ്പറമ്ബില്‍ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക.
വൈകിട്ട് 5 ന് മാത്തൂരും 6 ന് കൊടുന്തിരപ്പള്ളിയിലും നടക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താൻപേട്ട എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കും.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി എത്തുമ്ബോള്‍ പ്രവർത്തകരും ആവേശത്തിലാണ്. നേരത്തെ നവംബർ എട്ടിന് മുഖ്യമന്ത്രി പാലക്കാട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കല്പാത്തി രഥോല്സവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വരവും നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഷോയും നടക്കും.