പാലക്കാട് അപകടം ; ലോറി ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു

പനയമ്ബാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു.

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ലോറി ഡ്രൈവര്‍മാരായ പ്രജീഷ് ജോണ്‍, മഹീന്ദ്ര പ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പിഴവ് സംഭവിച്ചുവെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ റിമാന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ലോറി ഓടിച്ചിരുന്ന പ്രജീഷ് ജോണ്‍ താന്‍ ഓടിച്ചിരുന്ന ലോറി അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ പ്രജീഷ് ജോണിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നരഹത്യ കുറ്റം ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *