കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡില്‍ പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെപിഎം ഹോട്ടലിൻ്റെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തത്.
അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയ്ഡ് നടന്നത് ഇന്നലെ രാത്രിയാണ്. പരിശോധന കള്ളപ്പണം കണ്ടെത്താനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതേസമയം, കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യം അടങ്ങുന്ന ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം രംഗത്തെത്തിയത്. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്ബില്‍, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ഈ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ തന്നെ അറിയിച്ചിരുന്നു.
കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോണ്‍ഫറൻസ് ഹാളിലേക്ക് കയറുന്നതും രാത്രി 10:13നുള്ള ദൃശ്യങ്ങളില്‍ വ്യക്തം. രാഹുല്‍ കോണ്‍ഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം. പക്ഷെ ആ സമയം ഫെനിയുടെ കയ്യില്‍ പെട്ടി ഇല്ല. 10:47 ലുള്ള ദൃശ്യങ്ങളില്‍ പിഎ രാഹുലിനെ കോണ്‍ഫറൻസ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നതും രാഹുല്‍ കോണ്‍ഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വ്യക്തം.
നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പുതിയ കഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. പുതിയ ആരോപണങ്ങള്‍ കൊടകരയിലെ പുതിയ വെളിപ്പെടുത്തലിൻ്റെ ജാള്യത മറയ്ക്കാനാണെന്നും വി ഡി സതീശന് പറഞ്ഞു.