പാലക്കാട്ടെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചുവെങ്കിലും തല്‍ക്കാലം രാജിവേണ്ടെന്ന് അറിയിച്ചതായാണ് സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. ഇതിന് പിറകെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ശോഭ സുരേന്ദ്രന്‍ പക്ഷം വോട്ട് മറിച്ചെന്ന ആരോപണം സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ മോട്ട് മറിച്ചെന്നാണ് ആക്ഷേപം. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് നഷ്ടമായത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. ഇതിന് പിറകെ ബിജെപി നേതാക്കള്‍ കെ സുരേന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു.

അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തില്‍ കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടിരുന്നു. കെ സുരേന്ദ്രനും വി മുരളീധരനും തമ്മില്‍ കുറച്ചുനാളായി അകല്‍ച്ചയിലാണ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരന്‍ സജീവമായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *