പാറശ്ശാല ഷാരോണ്‍ വധക്കേസ്; വധശിക്ഷയ്ക്കെതിരെ ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധകേസില്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും.വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷന്‍സ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലായിതെന്നും പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മക്ക് നല്‍കണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്ബില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ഷാരോണിന്റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജിയാണ് കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് കൊന്നത്. യഥാര്‍ത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ്. പ്രണയം നടിച്ച്‌ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയാണ് കൊന്നത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ ചിന്ത. ഒരു തവണ പരാജപ്പെട്ടപ്പോള്‍ വീണ്ടും ശ്രമം നടത്തി. ക്രൂരനായ ഒരാള്‍കെ അങ്ങിനെ ചിന്തിക്കാന്‍ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *