പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഡോക്ടർ ബി ആർ അംബേദ്കറിനെതിരായ പരാമർശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ ഇന്നും ഉണ്ടാകും.

എന്നാല്‍ പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിലുള്ള പ്രതിഷേധത്തിന് സ്പീക്കർ ഓം ബിർള വിലക്ക് ഏർപ്പെടുത്തി. പ്രവേശനകവാടങ്ങളില്‍ തടസമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം പിമാർക്ക് നിർദേശം നല്‍കി. രാവിലെ പത്തരയ്ക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗവും നടക്കും.

ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമർശത്തിനൊപ്പം, രാഹുല്‍ഗാന്ധിക്കെതിരായ കേസ് ഉന്നയിച്ചും രാജ്യവ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നല്‍കിയത്. രാഹുല്‍ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച്‌ ബിജെപിയുടെ നാഗാലൻഡില്‍ നിന്നുള്ള വനിതാ എംപി ഫോങ്നോൻ കോന്യാകും രംഗത്തെത്തിയിരുന്നു.

രാജ്യ വ്യാപക പ്രതിഷേധത്തിനൊപ്പം പോലീസില്‍ മറ്റൊരു പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസും കടക്കുകയാണ്. ബിജെപി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയില്‍ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.

സംഘർഷങ്ങള്‍ക്കിടെ പരുക്കേറ്റ് രണ്ട് ബിജെപി എംപിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബിജെപിയുടെ ആരോപണം. പരുക്കേറ്റെന്ന് ബിജെപി പറയുന്ന എംപിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയുമാണ് ഡല്‍ഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *