പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ പരിഗണനയില്‍

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ തീരുമാനം.

വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

ഭരണഘടനാ ദിനം ആചരിക്കുന്ന 26ാം തിയതി ലോക്സഭയുടെയും രാജ്യസഭയുടെയും സിറ്റിംഗുകള്‍ ഉണ്ടാകില്ല. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളനകാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുൻ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികള്‍ ആരംഭിക്കുത്. അനുശോചനം രേഖപ്പെടുത്തി സഭ ഇന്നത്തേക്ക് പിരിയും.

അതേസമയം, പാർലമെന്റ് സമ്മേളനത്തില്‍ ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങള്‍ സഭയില്‍ ഉയർത്തുമെന്ന പ്രതിപക്ഷ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കിരണ്‍ റിജിജു കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
30 രാഷ്‌ട്രീയ പാർട്ടികളില്‍ നിന്നായി 42 നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ചർച്ച ചെയ്യേണ്ടതായ നിരവധി വിഷയങ്ങളുണ്ട്. പലരും പല വിഷയങ്ങളില്‍ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ശീതകാല സമ്മേളനം ഭംഗിയായി നടക്കണമെങ്കില്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും സമാധാനപരമായ രീതിയില്‍ ചർച്ചകള്‍ നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *