: വിവിധ പാർട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്ത്. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ പാര്‍ട്ടി സംഭാവനയായി ബി.ജെ.പിക്ക് കിട്ടിയത് 2604.74 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍.
ഇതേ കാലയളവില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കിട്ടിയത് 281.38 കോടിയാണെന്നും കമീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാര്‍ച്ച് 31 വരെയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള സംഭാവനകള്‍ സ്വീകരിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി 740 കോടി രൂപയാണ് സംഭാവന ലഭിച്ചത്. അതേവര്‍ഷം 146 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
2023-24 കാലയളവില്‍, പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍നിന്ന് മാത്രം 723 കോടി രൂപയുടെ സംഭാവന ബി.ജെ.പിക്ക് ലഭിച്ചു. ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റില്‍നിന്ന് 127 കോടി രൂപയും ബി.ജെ.പിക്ക് ലഭിച്ചു. പാര്‍ട്ടിയുടെ ഏക ട്രസ്റ്റ് ദാതാവായ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍നിന്ന് 150 കോടിയിലധികം രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ദിഗ്വിജയ സിങ് എന്നിവരടക്കം പ്രമുഖ നേതാക്കളില്‍ നിന്ന് 1.38 ലക്ഷം രൂപ കോണ്‍ഗ്രസ് സംഭാവനയായി സ്വീകരിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളിലാണ് പ്രഖ്യാപിക്കേണ്ടത്. വേദാന്ത, ഭാരതി എയര്‍ടെല്‍, മുത്തൂറ്റ്, ബജാജ് ഓട്ടോ, ജിന്‍ഡാല്‍ ഗ്രൂപ്പ്, ടി.വി.എസ് മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ പ്രധാന ഗുണഭോക്താവ് ബി.ജെ.പിയാണ്.
ദേശീയ പാര്‍ട്ടി കൂടിയായ ആം ആദ്മി പാര്‍ട്ടിക്ക് (എ.എ.പി) ഈ സാമ്ബത്തിക വര്‍ഷത്തില്‍ 11.06 കോടി രൂപ സംഭാവന ലഭിച്ചു. സി.പി.എമ്മിന് 7.64 കോടിയിലധികം രൂപയുടെ സംഭാവന ലഭിച്ചു. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ഏക അംഗീകൃത ദേശീയ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍.പി.പി) 14.85 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.