പാരീസ് ഒളിമ്ബിക്സ്: അമ്ബെയ്ത്ത് റാങ്കിങ് റൗണ്ട് മത്സരങ്ങള്‍ ഇന്ന്‌; ഇന്ത്യയുടെ താരങ്ങളും കളത്തില്‍

ഒളിമ്ബിക്സില്‍ ഇന്ത്യയുടെ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. അമ്ബെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിലാണ് ഇന്ത്യൻ താരങ്ങള്‍ ഇറങ്ങുന്നത്.

53 രാജ്യങ്ങളില്‍ നിന്നായി 128 താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും.

പുരുഷ വിഭാഗത്തില്‍ ധീരജ്‌ ബൊമ്മദേവര, തരുണ്‍ദീപ്‌ റായ്‌, പ്രവീണ്‍ ജാദവ്‌, വനിതാ വിഭാഗത്തില്‍ മുൻ ലോക ഒന്നാം നമ്ബർ ദീപികാ കുമാരി, ഭജൻ കൗർ, അങ്കിത ഭഗത്‌ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. ഇത്തവണത്തെ ഒളിമ്ബിക്സില്‍ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്ബെയ്ത്ത്. പുരുഷ- വനിത വ്യക്തി ഗത , ടീം വിഭാഗങ്ങളിലും മിക്സഡ് റൌണ്ടിലും ഇന്ത്യൻ താരങ്ങള്‍ മത്സരിക്കും.

നാലാം ഒളിമ്ബിക്സിനിറങ്ങുന്ന പരിചയസമ്ബന്നരായ തരുണ്‍ദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്. ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം. നോക്കൗട്ടില്‍ താരതമ്യേന ദുർബല എതിരാളികളെ കിട്ടാൻ ആദ്യ റൗണ്ടിലെ മികവ് സഹായിക്കും.
ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകള്‍ യോഗ്യത നേടിയത്. അതുകൊണ്ട് അഞ്ച് മെഡല്‍ ഇനങ്ങളിലും ഇന്ത്യ മത്സരരംഗത്തുണ്ട്.

ആദ്യമായി ഇന്ത്യൻ അമ്ബെയ്ത്തുകാർ 1988 ഒളിമ്ബിക്സിലാണ് പങ്കെടുത്തത്. തുടർന്ന് 2000 സിഡ്നിയിലൊഴികെ എല്ലാ ഒളിമ്ബിക്സിലും ഇന്ത്യൻ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാല്‍, ലോക ഒന്നാം നമ്ബർ താരങ്ങളടക്കം അണിനിരന്നിട്ടും ഒളിമ്ബിക്സില്‍ ക്വാർട്ടറിനപ്പുറം മുന്നേറാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം ഫുട്ബോള്‍, റഗ്ബി, ഹാൻഡ്ബോള്‍ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കും. നാളെയാണ് ഒളിന്പിക്സിന് ഔദ്യോഗികമായി തുടക്കമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *