ഒളിമ്ബിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പ്രീ-ക്വാർട്ടറില്‍ തോറ്റ് പുറത്ത്.രണ്ടു തവണ വെങ്കലം നേടിയ സിന്ധു, ചൈനീസ് താരം ഹേ ബിങ് ജിയാവോയോടാണ് സിന്ധു തോറ്റത്.
ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്കോർ: 19-21, 14-21. ടോക്യോ ഒളിമ്ബിക്സില്‍ ഹേ ബിറ് ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.
നേരത്തെ, ബാഡ്മിന്റണിലെ സ്വർണ ഫേവറിറ്റുകളായിരുന്ന സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. പുരുഷ ഡബ്ള്‍സ് ക്വാർട്ടറിലെത്തിയ രാജ്യത്തെ ആദ്യ ജോടിക്ക് പക്ഷേ, സെമി ഫൈനലിലേക്കുള്ള വഴിയില്‍ മലേഷ്യയുടെ ആരോണ്‍ ചിയ -സോഹ് വൂയ് യിക് കൂട്ടുകെട്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യ ഗെയിം ഗംഭീരമായി നേടിയ ശേഷമായിരുന്നു മുൻ ലോക ഒന്നാം നമ്ബറുകാരുടെ വീഴ്ച. സ്കോർ: 21-13, 14-21, 16-21.
നിലവിലെ ഏഷ്യൻ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണജേതാക്കളായ സാത്വിക് -ചിരാഗ് സഖ്യം മലേഷ്യക്കാർക്ക് ഒന്നാം ഗെയിമില്‍ കാര്യമായ അവസരം നല്‍കിയില്ല. തുടക്കത്തില്‍ ഇവർ ചെറിയ ഭീഷണി ഉയർത്തിയിരുന്നെങ്കിലും വൻ ലീഡില്‍ ഗെയിം പിടിച്ചു ഇന്ത്യൻ താരങ്ങള്‍.
എന്നാല്‍, രണ്ടാം ഗെയിമില്‍ മലേഷ്യൻ ജോടി തിരിച്ചടിച്ചു. ഇതോടെ നിർണായകമായ മൂന്നാം ഗെയിമിലേക്ക്. തുടക്കത്തില്‍ ചെറിയ മുൻതൂക്കം ചിയയും വൂയിയും പിടിച്ചെങ്കിലും പിന്നീട് ഇഞ്ചോടിഞ്ചായി കാര്യങ്ങള്‍. ഇടക്ക് 14 -11ന്റെ ലീഡ് നേടിയ ഇന്ത്യൻ സഖ്യം പ്രതീക്ഷകളെല്ലാം തകർത്ത് തോല്‍വി വഴങ്ങി.