പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് ഇങ്ങനെ

രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്കാണ് വിലകുറച്ചത്.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറുകള്‍ക്ക് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് പുതുക്കിയ വില 1655 രൂപയായി. മാസാരംഭം ആയതോടെ പാചകവാതക വിലയില്‍ കുറവുവരുത്താൻ കമ്ബനികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

നിലവില്‍ സിലിണ്ടറൊന്നിന് ഡല്‍ഹിയില്‍ 1646 രൂപയും കൊല്‍ക്കത്തയില്‍ 1756 രൂപയും മുംബയില്‍ 1598 രൂപയുമാണ് വില. ജൂണ്‍ മാസത്തിലും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് വില കുത്തനെ കുറച്ചിരുന്നു. അന്ന് 69.50 രൂപയാണ് കമ്ബനികള്‍ കുറവുവരുത്തിയത്. ഇതോടെ രണ്ട് മാസത്തിനിടെ 100 രൂപയ്‌ക്ക് മേല്‍ കുറവുണ്ടായി. ഏപ്രില്‍, മേയ് മാസങ്ങളിലും വാണിജ്യ സിലിണ്ടറുകള്‍ക്ക് വിലകുറച്ചിരുന്നു. ഏപ്രിലില്‍ 30.50 രൂപയും മേയില്‍ 19 രൂപയുമാണ് കുറച്ചത്.

എല്ലാമാസവും ഒന്നാംതീയതിയാണ് ഇന്ത്യൻ ഓയില്‍ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങി കമ്ബനികള്‍ വില പുതുക്കുന്നത്. അതേസമയം സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാണ്. അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതുകഴിഞ്ഞ് മസ്റ്ററിംഗ് നടത്താത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാനായേക്കില്ല.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവരാണ് അപ്‌ഡേഷൻ ചെയ്യേണ്ടത് എന്നായിരുന്നു ധാരണ. എന്നാല്‍ എല്ലാവരും ചെയ്യണമെന്ന് വിതരണ കമ്ബനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്റ്ററിംഗ് ആരംഭിച്ച്‌ രണ്ടു മാസം പിന്നിട്ടിട്ടും ആളുകള്‍ മടിച്ചു നില്‍ക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്‌.പി കമ്ബനികള്‍ മസ്റ്ററിംഗ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നല്‍കുന്നത്. 8,500 ഉപഭോക്താക്കളുള്ള കൊച്ചിയിലെ ഒരു ഏജൻസിയില്‍ ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 500ല്‍ താഴെ മാത്രം. സംസ്ഥാനത്താകെ ഇതാണ് അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *