കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പാല്‍ ഉത്പാദനത്തില്‍ കുറവ് നേരിട്ടതോടെ ക്രിസ്‌മസ് – പുതുവത്സര സീസണില്‍ മായം ചേർത്ത പാല്‍ ഒഴുകാൻ സാദ്ധ്യത.
മായം കണ്ടെത്തുന്ന ചുമതല ക്ഷീരവകുപ്പില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് മാറ്റിയതോടെ പരിശോധനയും വഴിപാടാണ്. ജീവനക്കാരുടെ കുറവ് കാരണം മണ്ഡലകാലത്ത് ഭക്ഷ്യവസ്തുക്കളിലെ മായംകണ്ടെത്താനാവാതെ ഭക്ഷ്യവകുപ്പ് വലയുന്നതിനിടയിലാണ് അടുത്ത പ്രതിസന്ധി.
ഓണക്കാലത്ത് മായം കലർന്ന പാല്‍ കേരളത്തിലേക്ക് ഒഴുകുന്നത് തടയാൻ ക്ഷീരവികസന വകുപ്പ് കുമളി ചെക്‌പോസ്റ്റില്‍ ന്യൂട്രലൈസറുകള്‍, പ്രിസർവേറ്റീവുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന ലാബ് ആരംഭിച്ചെങ്കിലും പൂട്ടി. വിപണിയില്‍ പാലിന്റെ ഉപയോഗം വർദ്ധിച്ചതിനൊപ്പം ക്ഷീര കർഷകരുടെ എണ്ണം കുറയുകയും ചെയ്തതാണ് വെല്ലുവിളി. ഇതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വരവ് കൂടി. ശബരിമല സീസണായതിനാല്‍ തൈരിനും ആവശ്യക്കാരേറി. നാളികേരം വില വർദ്ധിച്ചതോടെ ഹോട്ടലുകളും കാറ്ററിംഗ് സ്ഥപനങ്ങളും ഇറച്ചിക്കറികളില്‍ കൊഴുപ്പ് കൂട്ടാൻ പായ്ക്കറ്റ് പാല്‍ ചേർക്കുകയാണ്.
ഉദര – വൃക്ക രോഗങ്ങള്‍ക്ക് സാദ്ധ്യത
പല ബ്രാൻഡുകളിലാണ് തമിഴ്‌നാട്ടില്‍ നിന്ന് മറ്റും പാല്‍ എത്തുക. മില്‍മയുടേതിന് സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷൻ കൂടുതലായതിനാല്‍ ഒരു വിഭാഗം വ്യാപാരികള്‍ക്കും താത്പര്യമാണ്.
യൂറിയ, ഹൈഡ്രജൻ പെറോക്‌സൈഡ്, കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്‌സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും ഇതില്‍ കലർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉദര,വൃക്ക രോഗങ്ങള്‍ക്ക് ഇതിടയാക്കും. പാല്‍ പിരിയാതിരിക്കാൻ ചേർക്കുന്ന സോഡാക്കാരത്തിന്റെ അമിതോപയോഗം വയറിളക്കം, അള്‍സർ എന്നിവയുണ്ടാക്കാം.
കബളിപ്പിക്കലില്‍ വീഴരുത്
വാങ്ങുന്നത് യഥാർത്ഥ ബ്രാൻഡ് ആണെന്ന് ഉറപ്പാക്കുക
മില്‍മ ഉള്‍പ്പെടെ തദ്ദേശീയ കമ്ബനികളെ തിരഞ്ഞെടുക്കുക
ചൂടാക്കിയതിന് ശേഷം മാത്രം പാല്‍ ഉപയോഗിക്കുക
”പാല്‍ക്കവറില്‍ എന്തു നിറച്ചുവച്ചാലും വില്പന നടത്താൻ പറ്റുന്ന സാഹചര്യമാണ്. പരിശോധന കർശനമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം.
-(എബി ഐപ്പ് , ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം )
”പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിർത്തി ചെക്ക് പോസ്റ്റുകളിലും, വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ട്. ഉത്സവ കാലം പ്രമാണിച്ച് ഇത് കർശനമാക്കും.
-(ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ)