പുല്‍പള്ളി പഞ്ചായത്തിലെ പാക്കത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് താമസിക്കാനായി വർഷങ്ങള്‍ക്ക് മുമ്ബ് നിർമിച്ച കെട്ടിടങ്ങള്‍ വെറുതെയായി.
രണ്ട് പതിറ്റാണ്ട് മുമ്ബ് നിർമിച്ച കെട്ടിടം പാഴായികിടക്കുകയാണ്. കാലപ്പഴക്കത്താല്‍ പലതും തകർന്നിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ തിങ്ങിപാർക്കുന്ന പാക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് താമസിക്കുന്നതിനായാണ് കെട്ടിടങ്ങള്‍ നിർമിച്ചത്.
എന്നാല്‍, അനുബന്ധ സൗകര്യങ്ങള്‍ ഒന്നും ഇവിടെ ഒരുക്കിയിരുന്നില്ല. സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയിലായിരുന്നു നിർമാണം. ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ നിർമിച്ചതല്ലാതെ ഇവിടേക്ക് ജീവനക്കാരെ മാറ്റുന്നതിന് നടപടിയുണ്ടായില്ല. വർഷങ്ങള്‍ക്ക് മുമ്ബ് നിർമിച്ച കെട്ടിടങ്ങള്‍ പലതും തകർന്നു. അവശേഷിക്കുന്നവ സംരക്ഷിക്കാനും നടപടിയുണ്ടായില്ല. പാക്കം എല്‍.പി സ്കൂളിനോട് ചേർന്നാണ് ഈ കെട്ടിടങ്ങളുള്ളത്. വിദ്യാർഥികളില്‍ ഭൂരിഭാഗവും ഗോത്ര വിഭാഗത്തില്‍നിന്നുള്ള കുട്ടികളാണ്. നാലാം ക്ലാസ് കഴിഞ്ഞാല്‍ പഠത്തിനായി കി.മീറ്ററുകള്‍ യാത്ര ചെയ്യണം.
ഇവിടെ യു.പി സ്കൂള്‍ ആരംഭിച്ച് താമസ സൗകര്യമൊരുക്കിയാല്‍ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പിനായി നിർനിച്ച കെട്ടിടങ്ങള്‍ കുട്ടികള്‍ക്ക് താമസസൗകര്യത്തിനായി ഉപയോഗിക്കാം. നാശം നേരിടുന്ന കെട്ടിടങ്ങള്‍ ഇത്തരത്തില്‍ സംരക്ഷിക്കാൻ കഴിയുമെങ്കിലും നടപടിയുണ്ടാകുന്നില്ല.