പഴംപൊരി ഇനി പഴയ ആളല്ല; കഴിക്കണമെങ്കില്‍ 18 ശതമാനം നികുതി കൊടുക്കണംഉണ്ണിയപ്പത്തിനും 5 ശതമാനം നികുതി നല്‍കണം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പലഹാരമായ പഴംപൊരിയും ഉണ്ണിയപ്പവും കഴിക്കുമ്പോള്‍ ഇനി സൂക്ഷിച്ച. പഴംപൊരി കഴിക്കണമെങ്കില്‍ ഇനി 18 ശതമാനം ജിഎസ്ടി നല്‍കണം. ഉണ്ണിയപ്പത്തിന് 5 ശതമാനം ജിഎസ്ടി കൊടുക്കണം. നികുതി ഘടനയില്‍ ‘പഴംപൊരി’, ‘വട’, ‘അട’, ‘കൊഴുക്കട്ട’ തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

പരിപ്പുവട, ഉഴുന്നുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്‌ലറ്റ്, ബര്‍ഗര്‍, പപ്‌സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ബേക്കറികള്‍ നികുതി ഈടാക്കുന്നത്. പക്ഷെ, ചിപ്‌സ്, പക്കാവട, അച്ചപ്പം, മിക്‌സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, ഉരുളക്കിഴങ്ങ് -കപ്പ ചിപ്‌സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി. പാര്‍ട്‌സ് ഒഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാല്‍ കടലമാവ് ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനാലാണ് ഉയര്‍ന്ന നികുതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ (HSN) പ്രകാരം ഉല്‍പ്പന്നങ്ങളെ വേർതിരിക്കുന്നത് മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന് കാരണം. ഓരോ ഇനത്തിനും അനുബന്ധമായ ഒരു HSN കോഡ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിര്‍ണയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *