സ്വകാര്യവ്യക്തിയുടെ പറമ്ബില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ തൊഴിലാളിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
പനത്തടി ഓട്ടമാളത്തെ സുകുമാരന്‍റെ ഭാര്യ സി. വാസന്തിക്കാണ് (42) പരിക്കേറ്റത്.
സ്‌ഫോടനത്തില്‍ ഇടതുകൈയിലെ രണ്ടു വിരലുകള്‍ അറ്റുപോയി. ഇടതുകൈ മുഴുവന്‍ പൊള്ളിയ നിലയിലാണ്. വലതുകൈയ്ക്കും സാരമായ പരിക്കുണ്ട്. വലതുകാലിനും മുഖത്തും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. വാസന്തിയെ മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബളാന്തോട് അടുക്കത്തെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പറമ്ബില്‍നിന്നു ചാണകം മാറ്റുന്നതിനിടെ പുല്ലിനിടയില്‍നിന്നും സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഒരു വസ്തു കണ്ടെത്തിയിരുന്നു. നീല നിറത്തില്‍ കാണപ്പെട്ട ഈ വസ്തു കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആള്‍താമസമില്ലാത്ത ഈ സ്ഥലത്ത് നായാട്ടുസംഘം പന്നിപ്പടക്കം കൊണ്ടുവച്ചതാവാമെന്നാണ് സംശയിക്കുന്നത്.