പാലക്കാട് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപിയും സിപിഎമ്മും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണവിധേയമായ സമയത്ത് ഹോട്ടലില്‍ എത്തിയിരുന്നോ എന്നും ആരെല്ലാം ഇവിടെയുണ്ടായിരുന്നു എന്നും പരിശോധിക്കണം.
സംശായസ്പദമായി പുറത്തേക്ക് പോയ കാർ എവിടേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ അന്വേഷണവിധേയമാക്കണമെന്ന് എഎ റഹീം എംപി ആവശ്യപ്പെട്ടു.
വനിതാ പോലീസ് വേണമെന്ന് പറഞ്ഞു പോലീസിനെ പിന്തിരിപ്പിച്ച ആ അരമണിക്കൂറില്‍ പണം മാറ്റിയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹോട്ടലില്‍ സമഗ്രമായ പരിശോധനയാണ് നടത്തിയത്. എല്ലാ മുറികളിലും കയറി. ബിന്ദു കൃഷ്ണ പരിശോധനയോട് സഹകരിച്ചു. ഷാനിമോള്‍ ഉസ്മാൻ പരിശോധനയോട് മണിക്കൂറുകളോളം സഹകരിച്ചില്ലെന്ന റഹീം പറഞ്ഞു. ഷാഫി, ജ്യോതികുമാർ ചാമക്കാല, വികെ ശ്രീകണ്ഠൻ എന്നിവർ തിരികെയെത്തി പരിശോധന അട്ടിമറിച്ചു. മാധ്യമപ്രവർത്തകരെ വടകര എംപി ഷാഫി പറമ്ബില്‍ ആക്രമിച്ചു. സംഘർഷാവസ്ഥ സൃഷ്ടിച്ച് അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും പണം എത്തിച്ചവരെ രക്ഷിക്കുന്നതിനും ശ്രമിച്ചുവെന്ന് എഎ റഹീം ആരോപിച്ചു.
പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്.