പരിപാടിക്കായി വിളിച്ചുവരുത്തിയശേഷം നടനെ തട്ടിക്കൊണ്ടുപോയി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 12 മണിക്കൂര്‍ ക്രൂരപീഡനം

സ്ത്രീ 2 സിനിമയിലൂടെ ശ്രദ്ധേയനായ ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി.

ഒരു പരിപാടിക്കായി വിളിച്ചുവരുത്തിയാണ് ഡല്‍ഹി- മീററ്റ് ദേശീയപാതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് താരത്തെ 12 മണിക്കൂറോളമാണ് ആക്രമിച്ചത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി.

നവംബര്‍ 20നാണ് സംഭവം. മീററ്റില്‍ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായാണ് താരത്തെ വിളിച്ചത്. ഇതിനായി അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് ഇടുകയും വിമാന ടിക്കറ്റ് അയക്കുകയും ചെയ്തു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ താരത്തെ കാറില്‍ കയറ്റി ഡല്‍ഹിയിലെ ബിജ്‌നോറിന് അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. മോചന ദ്രവ്യമായി ഒരു കോടി നല്‍കണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. നടനെ ക്രൂരമായി ആക്രമിച്ച്‌ നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തു.

അടുത്തദിവസം രാവിലെ പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദ് കേട്ട് താരം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് പള്ളിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഹാസ്യതാരം സുനില്‍ പാലിന് സമാനമായ ദുരനുഭവം ഉണ്ടായത്. പരിപാടിക്കായി വിളിച്ചുവരുത്തി താരത്തെ തട്ടിക്കൊണ്ടുപോവുകയും പണം തട്ടുകയുമായിരുന്നു.

അക്ഷയ് കുമാർ നായകനായ വെല്‍കം സിനിമയിലൂടെയാണ് താരം ശ്രദ്ധേയനായത്.

Leave a Reply

Your email address will not be published. Required fields are marked *