പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ദമ്ബതിമാര്‍ കൗണ്‍സിലിങ്ങിന് വിധേയമാകണമെന്ന് കോടതി, തീരുമാനം പിന്നീട്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് ദമ്ബതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാൻ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി.

ആരുടെയും നിർബന്ധപ്രകാരമല്ല പരാതി പിൻവലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടുപേരോടും കൗണ്‍സിലിങ്ങിന് വിധേയമാകാൻ കോടതി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോർട്ട് പരിഗണിച്ച്‌ തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യവും അതിനുശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

പരാതിയിലുള്ള ആരോപണം ഗൗരവതരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍, അവർ ഒരുമിക്കാൻ തീരുമാനിച്ചാല്‍ എന്ത് ചെയ്യാൻ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹർജിക്കാർക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകശ്രമം, ഗാർഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസർ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാൻ രാഹുല്‍ ഹർജി സമർപ്പിച്ചത്. പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭർത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുല്‍ കഴുത്തില്‍ വയർ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ‘അടുക്കള കാണല്‍’ ചടങ്ങിന് പോയസമയത്താണ് മർദനമേറ്റ വിവരമറിഞ്ഞതെന്നും തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയുംമുൻപേ പരാതിക്കാരി താൻ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി. നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച്‌ ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *