പനാമ കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപിന്‍റെ ഭീഷണി; യു.എസ് കപ്പലുകള്‍ക്ക് അമിത നികുതിയെന്ന്

പനാമ കനാല്‍ ഉപയോഗിക്കുന്നതിന് നിലവിലുള്ള അമിത നികുതി ഈടാക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അമേരിക്കൻ കപ്പലുകള്‍ കനാല്‍ വഴി പോകുന്നതിന് അന്യായ നികുതി പനാമ ചുമത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഖ്യ കക്ഷിയായ പനാമയ്ക്ക് ട്രംപ് താക്കീത് നല്‍കിയത്. പനാമ കനാല്‍ മേഖലയില്‍ ചൈനീസ് സ്വാധീനം വർധിക്കുന്നതിലും ട്രംപ് ആശങ്ക ഉയർത്തി.

പനാമ ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണെന്നും, പ്രത്യേകിച്ച്‌ അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണെന്നും ട്രംപ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടുകൊടുത്തത്. അമേരിക്കയും പനാമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയോട് വാഷിങ്ടണിലെ പനാമ എംബസി പ്രതികരിച്ചിട്ടില്ല.

പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് 82 കിലോമീറ്റര്‍ നീളമുള്ള പനാമ കനാല്‍. 1914-ല്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കനാല്‍ 1999ലാണ് അമേരിക്ക പനാമയ്ക്ക് കൈമാറുന്നത്. 1977-ലെ ടോറിയോസ്-കാര്‍ട്ടര്‍ ഉടമ്ബടി പ്രകാരം അതുവരെ അമേരിക്കയുടെ പൂര്‍ണ അധികാരത്തിലായിരുന്നു കനാല്‍. കിഴക്കന്‍ ഏഷ്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരത്തിന്റെ 40 ശതമാനം ഈ വഴിയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *