പത്തനംതിട്ട കലഞ്ഞൂർ ഇടത്തറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, 5 പേർക്ക് പരുക്ക്

പത്തനംതിട്ട കലഞ്ഞൂർ ഇടത്തറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാറിൽ തീ പടർന്നത് ആശങ്ക പടർത്തിയെങ്കിലും തീർഥാടകർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.തെലുങ്കാന സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. എസ്യുവി വിഭാഗത്തിൽ ഉൾപ്പെടുന്ന വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വാഹനത്തിൽ തീ പടർന്നത്. അപകടത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു വാഹനത്തിൽ അഞ്ച് തീർഥാടകരാണ് ഉണ്ടായിരുന്നത്.അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇവർ 5 പേരെയും പത്തനാപുരത്തെ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അതേസമയം, കോട്ടയം കോരുത്തോട് കോസടിക്ക് സമീപവും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്‌ടമായ മിനി ബസ് റോഡിൽ മറിയുകയായിരുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച വാഹനമായിരുന്നു ഇത്. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *