പൊലീസ് ഉദ്യോഗസ്ഥര്‍ പതിനെട്ടാം പടിയില്‍ കയറി നിരന്ന് നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തില്‍ എ.ഡി.ജി പി യും ശബ രിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.
സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. മണ്ഡലകാലത്തെ ആദ്യ പോലീസ് ബാച്ച് ഡ്യൂട്ടി കഴിഞ്ഞ് 25 ന് മലയിറങ്ങി. ഈ ബാച്ചില്‍ ഉള്ളവരാണ് മടങ്ങും മുന്‍പ് 24 ന് ഉച്ചയ്ക്ക് 1.30 ന് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ശ്രീകോവിലിനും കൊടിമരത്തിനും പതിനെട്ടാംപടിക്കും പുറം തിരിഞ്ഞ് നിരന്ന് നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഭക്തര്‍ക്ക് പോലും ഫോട്ടോ എടുക്കാന്‍ കര്‍ശന വിലക്കുള്ളപ്പോഴാണ് നിയമം പാലിക്കേണ്ട പോലീസ് പടിയില്‍ കയറി നിന്ന് ചിത്രം എടുത്തത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.