നിങ്ങൾ ആഴ്ചയില്‍ എത്ര മണിക്കൂർ വരെ ജോലി ചെയ്യാറുണ്ട്?
ലോകത്ത് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണ്
ഒരു ദിവസം എത്ര സമയം വരെ നമ്മൾ പണിയെടുക്കാറുണ്ട്, 8 മുതല്‍ 10 മണിക്കൂര്‍ വരെ അല്ലേ…ഞായറാഴ്ച ഉൾപ്പെടെ അതിലേറെ സമയം ജോലി ചെയ്യുന്നവരുമുണ്ട്. മത്സര ക്ഷമത നിലനിർത്താൻ ജീവനക്കാർ ഞായറാഴ്ചകൾ ഉൾപ്പെടെ ആഴ്ചയിൽ 90 മണിക്കൂർ വരെ ജോലി ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ദൈർഘ്യമേറിയ ജോലി സമയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ലാർസൻ ആൻഡ് ടൂബ്രോ ചെയർമാൻ എസ്എൻ സുബ്രഹ്മണ്യൻ.
ലോകത്ത് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണ്. ഓരോ ആഴ്ചയും ജീവനക്കാർ 46.7 മണിക്കൂർ ജോലി ചെയ്യുന്നുവെന്നും ഇന്ത്യയിലെ 51% തൊഴിലാളികളും ഓരോ ആഴ്ചയും 49 അല്ലെങ്കിൽ അതിലധികമോ മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്‌ത പ്രകാരം ഏറ്റവും കൂടുതൽ പ്രവൃത്തി സമയം ഉള്ള ആദ്യ 10 രാജ്യങ്ങൾ ഇതാണ്:-
ഭൂട്ടാനിലെ ആളുകളാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജോലി സമയം ഉള്ള പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഭൂട്ടാനിലെ ജീവനക്കാർ ആഴ്ചയിൽ ഏകദേശം 54.4 മണിക്കൂർ ജോലി ചെയ്യുന്നു.
ആഴ്ചയിൽ 50.9 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)-യാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ആഴ്ചയിൽ 50.4 മണിക്കൂർ ജോലി ചെയ്യുന്ന ആളുകളുള്ള ലെസോത്തോയിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജോലി സമയമുള്ള മൂന്നാമത്തെ രാജ്യം.
ആഴ്ചയിൽ 48.6 മണിക്കൂർ ജീവനക്കാർ ജോലി ചെയ്യുന്ന കോംഗോ പട്ടികയിൽ നാലാം സ്ഥാനത്താണ്.
ആഴ്ചയിൽ ശരാശരി 48 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരുള്ള ഖത്തറാണ് തൊട്ടുപിന്നിൽ.
47.7 മണിക്കൂർ ജോലി ചെയ്യുന്ന ലൈബീരിയയാണ് ആറാം സ്ഥാനത്ത്.
47.6 മണിക്കൂർ ജോലി ചെയ്യുന്ന മൗറിറ്റാനിയയാണ് പട്ടികയിൽ അടുത്തത്.
എട്ടാം സ്ഥാനത്താണ് ലെബനൻ ഉള്ളത്, അവിടെ ആളുകൾ ആഴ്ചയിൽ ശരാശരി 47.6 മണിക്കൂർ ജോലി ചെയ്യുന്നു.
മംഗോളിയയിൽ ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പ്രകാരം ജീവനക്കാർ ആഴ്ചയിൽ 47.3 മണിക്കൂർ ജോലി ചെയ്യുന്നു.
10-ാം സ്ഥാനത്ത് ആളുകൾ ആഴ്ചയിൽ ശരാശരി 47 മണിക്കൂർ ജോലി ചെയ്യുന്ന ജോർദാൻ ഉണ്ട്.
അതേസമയം ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് ഒരു ജോലിക്കാരന് ഏറ്റവും കുറഞ്ഞ ശരാശരി ജോലി സമയം ഉള്ള രാജ്യമായാണ് വാനുവാട്ടു. വാനുവാട്ടുവിലെ ജീവനക്കാർ ആഴ്ചയിൽ ശരാശരി 24.7 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. കിരിബാതി (27.3 മണിക്കൂർ), മൈക്രോനേഷ്യ (30.4 മണിക്കൂർ) തുടങ്ങിയ രാജ്യങ്ങളിലും ശരാശരി ജോലി സമയം കുറവാണ്.