കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലൂടെ കാൻസർ രോഗികളുടെ സാമ്ബത്തിക ബാധ്യത കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മലേറിയ, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 117-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ലോക ശ്രദ്ധയാകർഷിക്കുകയാണ്. കാൻസർ ബാധിതരായവർക്ക് കൃത്യസമയത്ത് ചികിത്സ ആരംഭിക്കാനുള്ള സാധ്യതകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. കാൻസർ രോഗികള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ചികിത്സ ഉറപ്പാക്കാൻ ആയുഷ്മാൻ ഭാരത് യോജനയിലൂടെ സാധിക്കുന്നു. കേന്ദ്രസർക്കാരിന്റെ ക്ഷേമ പദ്ധതിയിലൂടെ 90 ശതമാനം രോഗബാധിതർക്കും കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്നു”.
“പണമില്ലാത്തതിന്റെ പേരില്‍ ഇന്ന് ഒരാള്‍ക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ 2015-നും 2023-നും ഇടയില്‍ മലേറിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും പ്രവർത്തനങ്ങള്‍ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു.