കോട്ടയം നഗരമദ്ധ്യത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണയില്‍ കോടികള്‍ മറിയുന്ന വൻ ചീട്ടുകളികേന്ദ്രം.
കോട്ടയം ബോട്ട് ജെട്ടിക്ക് സമീപമുള്ള ക്ലബ്ബിലാണ് രാത്രി മുഴുവൻ നീളുന്ന വൻകിട ചീട്ടുകളി നടക്കുന്നത്. ക്ലബ്ബിന്റെ ശൗചാലയത്തിനുള്ളിലാണ് കളിക്കളത്തിലെ പണം സൂക്ഷിക്കുന്നത്. ഇവിടെ പണം ഏല്പിക്കുന്നവർക്ക് ടോക്കണ്‍ നല്‍കും. ഇത്തരത്തില്‍ പണം കൊടുത്തുവാങ്ങുന്ന ടോക്കണുകളാണ് കളിക്കളത്തില്‍ നല്‍കുന്നത്. കളത്തിലിറക്കുന്ന തുകയ്ക്കനുസരിച്ചാണ് ടോക്കണുകള്‍ അനുവദിക്കുന്നത്.
കണ്ണൂരില്‍ കൊലക്കേസും കുഴല്‍പ്പണക്കേസും ഉള്‍പ്പെടെ ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയിലാണ് ചീട്ടുകളികേന്ദ്രം പ്രവർത്തിക്കുന്നത്. ഇറഞ്ഞാല്‍ സ്വദേശിക്കാണ് ഇതിന്റെ നടത്തിപ്പെങ്കിലും പിന്നില്‍ വൻകിടക്കാരാണ്. മുന്തിയ ഇനം കാറുകളിലെത്തുന്ന വൻകിടക്കാരാണ് കളികളിലേർപ്പെടുന്നത്.
കാറുകള്‍ കാരാപ്പുഴ റോഡിലും കോട്ടയം നഗരത്തിലും വിവിധയിടങ്ങളില്‍ മാറ്റി പാർക്ക് ചെയ്തശേഷം ഓട്ടോറിക്ഷയിലാണ് കളിക്കാർ കളത്തിലെത്തുന്നത്. ജില്ലയ്ക്കകത്തും പുറത്തുംനിന്നുള്ളവർ ഇതിലുണ്ട്. വൈകീട്ട് അഞ്ചുമണിയോടെ ആരംഭിക്കുന്ന ചീട്ടുകളി പുലർച്ചെ മൂന്നുമണിവരെ തുടരും.
നഗരത്തില്‍ രാത്രികാല പട്രോളിങ്ങും കണ്‍ട്രോള്‍ റൂം പോലീസും ജാഗരൂകരാണെങ്കിലും മാസങ്ങളായി നഗരമദ്ധ്യത്തില്‍ നടക്കുന്ന ചീട്ടുകളികേന്ദ്രത്തെപ്പറ്റി അറിയാത്ത മട്ടാണ്. എന്തോ സംശയത്തിന്റെ പേരില്‍ ആരോ വിളിച്ചുപറഞ്ഞതനുസരിച്ച് ക്ലബ്ബില്‍ ‘അറിയാതെ’ കയറിയ പോലീസ് ചീട്ടുകളി കേന്ദ്രമെന്നറിഞ്ഞതോടെ ഒന്നുംമിണ്ടാതെ ഇറങ്ങിപ്പോയതായും ആരോപണമുണ്ട്.
കളിതോറ്റാലും പണം പോയാലും കളത്തില്‍ ബഹളമുണ്ടാക്കാൻ കാവല്‍ക്കാർ ആരെയും അനുവദിക്കില്ല. ഗുണ്ടയുടെ സംഘത്തെ ഭയന്ന് കള്ളക്കളിയില്‍ പണം നഷ്ടപ്പെട്ടാലും പരാതിപ്പെടാതെ പിന്മാറും.
നേരത്തെ മണർകാട്ട് ഗുണ്ടയുടെ മാസപ്പടി കൈപ്പറ്റി പോലീസ് സംരക്ഷണയില്‍ നടന്നുവന്ന ചീട്ടുകളികേന്ദ്രം വിവാദമായിട്ടും റെയ്ഡ് ചെയ്യാൻ ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണ്ടിവന്നിരുന്നു. മണർകാട് പോലീസിനെ മാറ്റിനിർത്തിയായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.
രാഷ്ട്രീയ-പോലീസ്-ഗുണ്ടാ കൂട്ടുകെട്ടാണ് ബോട്ട് ജെട്ടിയിലെ ചീട്ടുകളികേന്ദ്രത്തിന് പിന്നിലെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഭീഷണി ഭയന്ന് സമീപ വാസികളും പരാതിപ്പെടാൻ തയ്യാറല്ല.