ഐഎസ്എൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങിയിരുന്നു. എങ്കിലും രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റായിരുന്നു മുന്നേറ്റങ്ങളിൽ മികച്ച് നിന്നത്. എങ്കിലും നോർത്ത് ഈസ്റ്റ് താരങ്ങളുടെ ആക്രമണങ്ങൾ തടഞ്ഞിടാൻ കൊമ്പന്മാരുടെ പ്രതിരോധത്തിന് സാധിച്ചു. ലോങ് വിസിൽ മുഴങ്ങിയപ്പോൾ നോർത്ത് ഈസ്റ്റിനെ ബ്ലാസ്റ്റേഴ്സ് സമനിലയിൽ പൂട്ടുകയും ചെയ്തു.
ഐഎസ്എൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും എട്ട് തോൽവിയും ഉൾപ്പെടെ 21 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 17 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുണ്ട്. മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.