നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ പി ശർമ ഓലി ചുമതലയേറ്റു. കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസില്‍ ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രിയായി ശർമ ഓലി ചുമതലയേറ്റത്.
72 വയസ്സുകാരനായ കെ പി ശർമ ഓലി ഇത് നാലാം തവണയാണ് പ്രധാനമന്ത്രി പദവിയില്‍ എത്തുന്നത്.
നേപ്പാള്‍ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് ( സിപിഎൻ – യു എം എല്‍ ) അധ്യക്ഷനായ ശർമ ഓലി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്റായ റാംചന്ദ്ര പൗഡേല്‍ കഴിഞ്ഞദിവസം ശർമ ഓലിയെ പ്രധാനമന്ത്രിയായി അംഗീകരിച്ചിരുന്നു.
193 എംപിമാരുടെ പിന്തുണയാണ് ഓലിയുടെ പാർട്ടിയും നേപ്പാളി കോണ്‍ഗ്രസും അടങ്ങുന്ന സഖ്യത്തിന് ഉള്ളത്. 275 അംഗങ്ങളുള്ള പാർലമെന്റില്‍ 63 പേർ വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പുഷ്പ കമാല്‍ ദഹല്‍( പ്രചണ്ട) സർക്കാർ പരാജയപ്പെടുകയും ഇതിനു പിന്നാലെ കെ പി ശർമ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്തുകയും ആയിരുന്നു. പ്രമേയത്തെ എതിർത്തുകൊണ്ട് 194 പേരാണ് വോട്ട് ചെയ്തത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ കെ പി ഓലി ശർമയെ അഭിനന്ദിച്ചു. പരസ്പര സഹകരണത്തോടെ മേഖലയില്‍ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ നരേന്ദ്രമോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും കൂടുതല്‍ ശക്തിപ്പെടുമെന്നും പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും കെ പി ഓലി ശർമയെ അഭിനന്ദിച്ച് രംഗത്തുവന്നു.