നെയ്യാർ ഡാമിലെത്തുന്നവർക്ക് അറിയാനാകും ജനത്തിന്‍റെ നികുതി പണം എങ്ങനെ ആവിയായെന്ന്. അനാസ്ഥയിലും കെടുകാര്യസ്ഥതയിലും മനോഹരമായ ഒരുവിനോദ സഞ്ചാരകേന്ദ്രത്തെ എങ്ങനെ നശിപ്പിക്കാമെന്നതിന്‍റെ ഉദാഹരണം കൂടിയാണ് നെയ്യാർ ഡാം. അണക്കെട്ടിനോട് ചേര്‍ന്ന ഉദ്യാനം ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ചതായിരുന്നു. ശില്‍പി രാജാറാം രൂപകല്‍പന ചെയ്ത ജീവന്‍ തുടിക്കുന്ന പ്രതിമകള്‍, സംഗീത ജലധാര, പൂന്തോട്ടം, അത്യപൂര്‍വമായ റോസ, ഓര്‍ക്കിഡുകള്‍ ഉള്‍പ്പെടെയുള്ള ചെടികള്‍, വിശ്രമ കൂടാരങ്ങള്‍ ഇവയൊക്കെ സഞ്ചാരികളുടെ മനം കവര്‍ന്നിരുന്നു. ഒരിക്കലെത്തുന്ന സഞ്ചാരികള്‍ വീണ്ടും വീണ്ടും എത്തിയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഉദ്യാന സംരക്ഷണത്തിനും പരിപാലനത്തിനുമായി നൂറോളം ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ശുചീകരണത്തിനോ കാട് വെട്ടലിനോപോലും ആളില്ല. ആറ് മാസത്തിലേറെയായി ഉദ്യാനത്തിന്‍റെ പരിപാലനത്തിനാളെത്തിയിട്ട്. സര്‍വിസില്‍നിന്ന് വിരമിച്ച തൊഴിലാളികള്‍ക്ക് പകരം അടുത്ത കാലംവരെ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിച്ചിരുന്നു. എന്നാല്‍, ആറ് മാസത്തിലേറെയായി കരാറടിസ്ഥാനത്തിലെ തൊഴിലാളികളും ഇല്ലാതായി. ഇറിഗേഷന്‍ എൻജിനീയര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഓഫിസ് ജീവനക്കാരും കരാറടിസ്ഥാനത്തിലുള്ള ഒമ്ബത് സുരക്ഷ ജീവനക്കാരും താല്‍ക്കാലിക നിയമനത്തിലെ നാല് ലസ്കര്‍ തൊഴിലാളികളും മാത്രമാണുള്ളത്. എംപ്ലോയ്മെന്‍റ് മുഖേനയോ, ടെണ്ടര്‍ വിളിച്ചോ ഉദ്യാനംസംരക്ഷിക്കാന്‍ ജീവനക്കാരെ നിമയിക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
വെളിച്ചമില്ല, എങ്ങും ഇഴജന്തുക്കളുടെ താവളം
ഉദ്യാനം കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറി. പൂന്തോട്ടത്തിന് പഴയ പകിട്ടില്ല. അണക്കെട്ടിലെ സുരക്ഷാ വിളക്കുകള്‍ പ്രകാശിക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. നെയ്യാര്‍ഡാം ഇറിഗേഷന്‍ പ്രോജക്ടിനു വര്‍ഷവും സര്‍ക്കാര്‍ കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, കാട് വെട്ടാനോ, വെളിച്ചം നല്‍കാനോ ഈപണം ചെലവഴിക്കുന്നില്ല.
സഞ്ചാരികള്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളുണ്ടെങ്കിലും ചായ കുടിക്കാന്‍ പോലും പുറത്തുപോകേണ്ട സ്ഥിതിയാണ്. കാന്‍റീന്‍ കെട്ടിടം പൊളിച്ച് കോടികള്‍ മുടക്കി പുതിയകെട്ടിടം നിർമിച്ചിട്ട് വര്‍ഷങ്ങളായി. റെസ്റ്റോറന്‍റ്, സ്പോര്‍ട്സ് ഹബ് ഇവയൊക്കെ തുടങ്ങാനായിരുന്നു ലക്ഷ്യം. എന്നാല്‍, കോടികള്‍ പൊട്ടിച്ചതല്ലാതെ ഒന്നും യാഥാർഥ്യമായില്ല.
പിക്നിക് ഹാള്‍ ഇപ്പോഴും അടഞ്ഞുതന്നെ
ഒരുകാലത്ത് നാട്ടുകാരുടെ വിവാഹം പോലുള്ള ആഘോഷങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാനതല പരിപാടികളുമൊക്കെ സംഘടിപ്പിച്ചിരുന്നത് നെയ്യാര്‍ഡാമിലെ പിക്നിക് ഹാളിലായിരുന്നു. ശോച്യാവസ്ഥയിലായതിനെ ഹാള്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചെങ്കിലും തുറന്നിട്ടില്ല. സഞ്ചാരികള്‍ക്ക് മികച്ച താമസസൗകര്യം ഒരുക്കാനായാല്‍ നൂറ്റാണ്ട്മുമ്ബ് നിർമാണം തുടങ്ങിയ ലേക്ക് വ്യൂ ഹോട്ടല്‍ അടിസ്ഥാനത്തില്‍ ഒതുങ്ങി. രണ്ട് ദശാബ്ദം മുമ്ബ് നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രത്തിനുള്ളിലായിരുന്നു പൊലീസ് സ്റ്റേഷന്‍. സ്റ്റേഷന്‍ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോള്‍ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ലക്ഷങ്ങള്‍മുടക്കി നവീകരിച്ചു. കരിങ്കല്‍ ഭിത്തികളും മേല്‍ക്കൂരക്ക് കീഴെ തടിയിലെ തട്ടുകളുമൊക്കെയുള്ള പഴയ കെട്ടിടം പഴയകാല ഓര്‍മകള്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റേഷന്‍ കെട്ടിടം നവീകരിച്ചത്. എന്നാല്‍, സ്റ്റേഷന്‍ കെട്ടിടം അടുത്തിടെ അധികൃതര്‍ ഇടിച്ചു നിരത്തുകയും ചെയ്തു. ലക്ഷങ്ങള്‍ ചിലവിട്ടത് മാത്രം മിച്ചം.
അടുത്തിടെയായി നെയ്യാര്‍ഡാമിലെ നീന്തല്‍ക്കുളം ആധുനീക രീതിയില്‍ നവീകരിച്ചു. ദേശീയ നിരവാരത്തില്‍ നിര്‍മിച്ചിട്ടുള്ള നീന്തല്‍ക്കുളത്തിന് 25 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുണ്ട്. ദിവസവും രണ്ട് നേരം ജലപരിശോധനയും ഫില്‍ട്ടറിങ്ങും നടത്താറുണ്ടായിരുന്നു. ഇപ്പോള്‍ ഫില്ലട്ടറിങ്ങും ജല പരിശോധനയുമൊക്കെ നിലച്ചു. ടാങ്കില്‍നിന്നും നീന്തല്‍ കുളത്തിലേക്ക് വെള്ളം നിറച്ച വെള്ളത്തിലാണ് നീന്തുന്നത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈകാലത്ത് ജല പരിശോധനയും ഫില്‍ട്ടറിങ്ങും നടത്താത്തത് വലിയപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും.
നെയ്യാര്‍ഡാമിന്‍റെ പ്രവേശന കവാടത്തില്‍ ഒരു ഇന്‍ഫർമേഷന്‍ സെന്‍റര്‍ ഉണ്ട്. ഇവിടെ തുറന്നിട്ട് തന്നെ കാലമേറെയായി. നെയ്യാര്‍ഡാമിലെ സഞ്ചാര വിവരങ്ങളറിയണമെങ്കില്‍ ഇവിടുത്തെ തട്ടുകടക്കാരെ സമീപിക്കണം.