കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഇന്നലെ നടന്ന നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ നർത്തകി.
പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്നും നർത്തകി വ്യക്തമാക്കി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണെന്നും അവർ പറഞ്ഞു.
‘ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കെെയില്‍ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോദ്ധ്യപ്പെട്ടത് ഉമ തോമസിന് പരിക്കേറ്റപ്പോഴാണ്. പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ല. ഞാൻ മുൻപും റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാല്‍ ഇന്നലെ പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതല്‍ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അദ്ധ്യാപകർക്ക് ഗോള്‍ഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നു’,- നർത്തകി ആരോപിക്കുന്നു.
‘മൃദംഗനാദം’ എന്ന പേരില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു സംഘടിപ്പിച്ചത്. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങില്‍ നിന്നടക്കം നർത്തകർ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയില്‍ നർത്തകർ അണിനിരന്നത്. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു.