നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം; ജനങ്ങളെ സത്യം അറിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സരിന്‍

നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു.

‘ഇരുട്ടത്ത് നില്‍ക്കുന്ന കുറേപേർ ഉണ്ട്, യഥാർത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതൊന്നുമല്ല പാലക്കാട് ചർച്ചയാകേണ്ടത്. ഒരു വ്യക്തിയിലേക്ക് മാത്രം അന്വേഷണം ചുരുക്കരുത്, അടിക്കടി വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും തിരിച്ചറിയാൻ പാലക്കട്ടെ ജനങ്ങള്‍ക്കറിയാമെന്നും’- സരിന്‍ പറഞ്ഞു. ബോധപൂർവം സിപിഎം-ബിജെപി ബന്ധം ആരോപിച്ച്‌ താത്ക്കാലിക ലാഭം ഉണ്ടാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സരിന്‍ വ്യക്തമാക്കി.

അതേസമയം ഹോട്ടലിലെ പൊലീസ് പരിശോധന എല്‍ഡിഎഫ് പ്രചാരണായുധമാക്കുമ്ബോള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. റെയ്‌ഡ് നടക്കുന്ന സമയം ഹോട്ടലില്‍ നിരവധി രാഷ്ട്രീയ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തില്‍ ഹോട്ടലിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നല്‍കിയത്.

കള്ളപ്പണം ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ രാത്രി പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടന്ന കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസും പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. കോട്ടമൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി., കെ. സുധാകരന്‍, ഷാഫി പറമ്ബില്‍ എം.പി. തുടങ്ങിയവരടക്കം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *